മെൽബൺ: ഇറാനിലേക്കു മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെത്തുടർന്ന് ഒാസ്ട്രേലിയയിൽ അഭയം തേടിയ ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾ ഒറ്റ ദിനംകൊണ്ട് ലോകമെന്പാടും ശ്രദ്ധ നേടി.
ഇറാന്റെ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ചു താരങ്ങൾക്ക് ഓസ്ട്രേലിയ താത്കാലിക വീസ അനുവദിച്ചതോടെ ഹിജാബ് ദൂരയെറിഞ്ഞും മുടി ബോബ് ചെയ്തും പുതിയ സ്വാതന്ത്ര്യപ്രഖ്യാപനംതന്നെ നടത്തി.
ചിത്രം വൈറൽ
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്കിനൊപ്പം പുതിയ രൂപത്തിൽ അവർ ഫോട്ടോയ്ക്കു പോസ് ചെയ്തു. നിമിഷങ്ങൾക്കകം ഈ ചിത്രം ലോകമെമ്പാടും വൈറലായി. അമേരിക്കയും ഇസ്രയേലുമായി യുദ്ധം നടത്തുന്ന ഇറാൻ മതഭരണകൂടത്തിനും കനത്ത തിരിച്ചടിയായി ഈ വനിതാ താരങ്ങളുടെ നിലപാടുകൾ.
ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനെത്തുടർന്നാണ് ഒാസ്ട്രേലിയൻ സർക്കാർ ഇടപെട്ടത്. മനുഷ്യാവകാശപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. സഹ്റ സർബാലി അലീഷാ, മോന ഹമൂദി, സഹ്റ ഗാൻബാരി, ഫാത്തിമെ പസന്ദിദെ, ആതെഫെ റമസാനിസാദെ എന്നിവരാണ് വീസ ലഭിച്ച താരങ്ങൾ. വീസ ലഭിച്ചതോടെയാണ് ഇവർ ഹിജാബ് ഉപേക്ഷിച്ചു പുതിയ രൂപം സ്വീകരിച്ചത്.